തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഫെബ്രുവരി 15നു സംഘടിപ്പിക്കുന്ന ‘ഇന്റർനാഷണൽ കോണ്‍ഫറൻസ് ഓണ്‍ ഡവലപ്മെന്റ് ആൻഡ് ഡെമോക്രസി’ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമർത്യാ സെൻ, റോമിലാ ഥാപ്പർ അടക്കമുള്ളവർക്ക് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കത്തു നൽകി.
ഫാസിസ്റ്റാണെന്ന് തെളിയിച്ച സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടിയാണ് സെമിനാർ. സർക്കാരിനെ ജനം തിരസ്കരിച്ചതാണ്. അവരുടെ പിആർ കാന്പയിനിൽ പങ്കാളിയാകരുത്. അഴിമതിയും ന്യൂനപക്ഷ വിരുദ്ധതയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇതൊക്കെ മറച്ചുവയ്ക്കാനുള്ള വ്യർഥശ്രമത്തിന്റെ ഭാഗമാണ് സെമിനാർ. ജനവികാരം സന്പൂർണമായി എതിരായി കഴിഞ്ഞ സർക്കാരിന്റെ ഇത്തരം ആത്മാർഥതയില്ലാത്ത പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.